തിരുവനന്തപുരം: ചട്ടം ലംഘിച്ചു സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിച്ചതായി ആരോപണം. യുഡിഎഫിന്റെ പുതുയുഗ യാത്രയിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിവരാവകാശ കമ്മീഷണറുടെ തെരഞ്ഞെടുപ്പു സമിതി അംഗമെന്ന നിലയിൽ ആ ദിവസം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പു സമിതി അംഗമായ പ്രതിപക്ഷ നേതാവിനെ ചട്ടപ്രകാരമല്ല ചീഫ് സെക്രട്ടറി ക്ഷണിച്ചതെന്നും പരാതിയുണ്ട്.
പ്രതിപക്ഷ നേതാവ് അസൗകര്യം അറിയിച്ച ദിവസം ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് വിവരാവകാശ കമ്മീഷൻ അംഗത്തെ തെരഞ്ഞെടുക്കുകയായിരുന്നു. വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ്.
കഴിഞ്ഞ 23ന് ഇതിനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നില്ല. 22നാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രതിപക്ഷ നേതാവിന് ലഭിച്ചത്. യുഡിഎഫിന്റെ പുതുയുഗയാത്ര നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ചട്ടപ്രകാരമല്ല ക്ഷണമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഗണിക്കാത മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാവുകൂടിയായ ഹരിലാലിനെ കമ്മീഷൻ അംഗമായി ശിപാർശ ചെയ്യുകയായിരുന്നു. ഇത് ലോക്ഭവന് കൈമാറിയെങ്കിലും ഗവർണർ അംഗീകരിച്ചില്ല.
കമ്മീഷനിലെ ഒരു ഒഴിവ് നികത്താനായി കഴിഞ്ഞ ഒക്ടോബറിലാണ് അപേക്ഷ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തശേഷം നിയമനത്തിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യവും മിനിറ്റ്സിൽ രേഖപ്പെടുത്തിയാണ് ശിപാർശ ഗവർണർക്ക് കൈമാറേണ്ടത്. എന്നാൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്ന് സൂചിപ്പിച്ചാണ് ശിപാർശ ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയത്. ഗവർണർ അംഗീകരിച്ചാൽ മാത്രമേ നിയമനത്തിന് അംഗീകാരമാകൂ.